Friday, August 28, 2009

എന്ത് ? ഡാര്‍വിനിസം മണ്ണടിഞ്ഞില്ലെന്നോ ..?

(പ്രതിപക്ഷ ബഹുമാനം പുലര്‍ത്തിയുള്ള നല്ല ചര്‍ച്ചകള്‍ക്ക് ബൂലോഗത്ത്‌ എന്നും പ്രസക്തി ഉണ്ട് .. അത്തരത്തില്‍ ആരോഗ്യകരമായ സംവാദം നടക്കുന്ന ഒരു ബ്ലോഗ്‌ ആയിത്തീരട്ടെ ഇതും )
മാന്യ ബ്ലോഗ്‌ സുഹൃത്ത്‌ ശ്രീ bright പരിണാമ സിദ്ധാന്തത്തെ പറ്റിയുള്ള എന്റെ കമന്റ്സ് നു മറുപടിയായി ഒരു പോസ്റ്റ്‌ ഇട്ടതായി കണ്ടു.. മറ്റു തിരക്കിനിടയിലും ഒരു മറുപടിക്കുറിപ്പ്‌ ഞാന്‍ തയ്യാറാക്കുന്നു എന്ന് അറിയിച്ചപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ഇതോടൊപ്പം ആദരിക്കുന്നു .ഇതൊരു ചെറിയ പ്രതികരണം മാത്രം ,പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച പ്രത്യേക വിഭാഗങ്ങളായി ഈ ബ്ലോഗില്‍ പിന്നീട് നടക്കുന്നതാണ് )


Dear bright,

"ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..".

bright, ഈ വാദം താങ്കള്‍ ഉന്നയിച്ചത്‌ കണ്ടപ്പോള്‍ വളരെയധികം ആശ്ചര്യം തോന്നി ..യഥാര്‍ത്ഥത്തില്‍ ഉപയോഗ/ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ അവയവങ്ങളിലും മറ്റും മാറ്റം (variation) വരുന്നു എന്നതും അങ്ങിനെ അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതുമല്ലേ ഡാര്‍വിനിസത്തിന്റെ കാതല്‍ ..? ലാമാര്‍ക്കിസം എന്ന് പറഞ്ഞു ഒഴിയരുത് .. അത് തന്നെയാണ് പലപ്പോഴും ഡാര്‍വിന്റെ പുസ്തകത്തില്‍ അക്കമിട്ടു കാണുന്നത് .. ആ മാറ്റങ്ങളില്‍ അനുഗുണമായവ പ്രകൃതി തിരഞ്ഞെടുക്കുന്നു എന്നത് (natural selection) രണ്ടാമത്തെ കാര്യം .. പ്രധാനമായത് മാറ്റം എങ്ങിനെ വരുന്നു എന്നതാണ് ..അതിനെ ഡാര്‍വിന്‍ വിശദീകരിച്ചത് ചുറ്റുപാടുകള്‍ക്കനുസരിച്ചു ഉപയോഗ/ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുന്നു എന്നതാണ് അങ്ങിനെ ആ മാറ്റം തലമുറകളിലേക്ക് പ്രേക്ഷണം ചെയ്യുന്നു ..

പക്ഷെ ആധുനിക ജനിതക ശാസ്ത്രം തെളിവുകളോടെ പറയുന്നത് എന്താണ് ? ജീനുകള്‍ ആണ് ഒരു ജീവിയുടെ ഗുണത്തിന് നിദാനം. ചുറ്റുപാടുകള്‍ക്കനുസരിച്ചു ജീവികളില്‍ മാറ്റം വന്നാലും അത് ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം അടുത്ത തലമുറയിലേക്കു വ്യാപരിക്കില്ല . ജനിതക ഘടനയിലെ മാറ്റം ഉപയോഗ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ അല്ല , മറിച്ച് മ്യൂട്ടേഷന് നടന്നാണ് , എന്നല്ലേ ? അതായത് ഒരു മത്സം കരയിലേക്ക് കയറിയത് കൊണ്ട് അതിനു കാലു ആവശ്യം ആണ് എന്നത് കൊണ്ട് എത്ര കാലം കഴിഞ്ഞാലും ശരി അതിനു തവളയെപ്പോലെ കാലുകള്‍ ഉണ്ടാവില്ല ..ജനിതക ഘടനയില്‍ മാറ്റം വരണം ...അതിനു DNA base paring ല്‍ കാര്യമായ മാറ്റം സംഭവിക്കണം .. അതെങ്ങിനെ സംഭവിക്കുന്നു ...ultra violet മൂലമോ മറ്റോ മ്യൂട്ടേഷന് നടക്കണം .. മ്യൂട്ടേഷന് പ്രത്യേക ഉദ്ദേശം ഇല്ല , അവ അന്ധമായി നടക്കുന്നതാണ് ..

കണ്ണിന്റെ പരിണാമം എന്ന വിഷയത്തില്‍ ഉള്ള പോസ്റ്റില്‍ Dr.സൂരജ് പറഞ്ഞ ഒരു കാര്യം

" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..


ജനിറ്റിക്സ് ഡാര്‍വിനു അറിയില്ല എന്നതല്ല ഇവിടുത്തെ പ്രശ്നം ..ഡാര്‍വിന്‍ മുന്നോട്ടു വച്ച ഉപയോഗ നിരുപയോഗ ത്തിന്റെ അടിസ്ഥാനത്തിലെ ജീവി വര്‍ഗ്ഗങ്ങളിലെ കാല ക്രമത്തില്‍ ഉള്ള ഗുണങ്ങളിലെ മാറ്റം എന്ന നിഗമനം തെളിയിക്കപ്പെട്ട ജനിതക ശാസ്ത്ര വസ്തുതകളുമായി ഒട്ടും ഒത്തു പോകുന്നില്ല എന്നത് പകല്‍ പോലെ വ്യക്തം ആണല്ലോ ...ഈ controversy ആണ് ഞാന്‍ ചൂണ്ടികാണിക്കുന്നത് .

ജനിറ്റിക്സ് അറിയില്ലെങ്കിലും ജര്‍മ്മന്‍ experimentalist ആയ August Weismann എലികളില്‍ വാല് മുറിച്ചു നടത്തിയ പരീക്ഷണം (21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത്‌) (germ plasm theory) എങ്കിലും ഡാര്‍വിന്‍ അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം ഇങ്ങിനെ ഒരു സിദ്ധാന്തം എഴുതുമായിരുന്നോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട് ..

ഇനി ആധുനിക പരിണാമ സിദ്ധാന്തം ആയ നിയോ ഡാര്‍വിനിസം എടുത്താലോ .. അതില്‍ ഡാര്‍വിന്‍ സിദ്ധാന്തത്തിലെ ഒരു കാര്യം മാത്രമേ ഉള്കൊള്ളിച്ചിട്ടുള്ളൂ ...അതായത് natural selection മാത്രം , ഉപയോഗ നിരുപയോഗ ത്തിന്റെ അടിസ്ഥാനത്തിലെ ക്രാമാനുഗതമായ മാറ്റം എന്ന പ്രധാനപ്പെട്ട കാര്യം നിയോ ഡാര്‍വിനിസം തള്ളികളഞ്ഞിരിക്കുന്നു ..പകരം പ്രത്യേക ലക്‌ഷ്യം ഇല്ലാത്ത (അന്ധമായ) മ്യൂട്ടേഷനുകളിലൂടെ വരുന്ന മാറ്റം ആണ് തലമുറകളിലേക്ക് വ്യാപരിക്കുന്നത് എന്ന് പറയുന്നു

(അവയവ വ്യവസ്ഥകളും ,വിവിധ അവയവ വ്യവസ്ഥകളുടെ യോജിച്ച പ്രവര്‍ത്തനവും , ഇരു കണ്ണില്‍ നിന്ന് വരുന്ന ചെറിയ തല കീഴായ പ്രതി ബിംബത്തെ നിവര്‍ത്തി ഒന്നാക്കി യഥാര്‍ത്ഥ വലിപ്പത്തില്‍ അനുഭവ വേദ്യമാക്കാനുള്ള കഴിവ് തലച്ചോറിനു കൈ വന്നതും തുടങ്ങിയവ , ultra വയലറ്റ് മുഖേനയും മറ്റും നടക്കുന്ന അന്ധമായ ഇത്തരം മ്യൂട്ടേഷനുകളിലൂടെ ഉണ്ടായി വരാന്‍ സാധ്യത എത്രത്തോളം ആണ് എന്നത് നമുക്ക് മറ്റൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം )

മറ്റൊരു ആരോപണം ഞാന്‍ ഡാര്‍വിന്‍ ന്റെ പുസ്തകത്തിലെ മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞില്ല എന്നതാണ് ..ആദ്യമേ പറയട്ടെ ..അത് മറ്റൊരു ബ്ലോഗില്‍ ഇട്ട എന്റെ ഒരു കമ്മെന്റ് മാത്രമായിരുന്നു..ഒരു കമ്മെന്റ് ഒരിക്കലും പോസ്റ്റ്‌ പോലെ മുഴുവന്‍ വിശദീകരിക്കാന്‍ കഴിയില്ലല്ലോ , അവിടെ തന്നെ origin of species ന്റെ ഓണ്‍ലൈന്‍ എഡിഷന്റെ ലിങ്ക് കൊടുത്തിരുന്നു ..ദാ ഇവിടെയും കൊടുക്കുന്നു .

ഡാര്‍വിന്‍ കണ്ണിന്റെ കാര്യത്തില്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ക്വോട്ട് ചെയ്തിരുന്നു ...അത് മുഴുവനായും പറയണം എന്ന് ചിലര്‍ പറയുന്നു .അത് വീണ്ടും താഴെ കൊടുക്കട്ടെ

"Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree

. ................. the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real."..
(On the Origin of Species by Charles Darwin Chapter VI, page 88.)

വിടെ ഡാര്‍വിന്‍ കണ്ണിന്റെ കാര്യം പറയുന്ന അദ്ധ്യായം തന്നെ ശ്രദ്ധിക്കൂ . Difficulties on Theory (സൈദ്ധാന്തിക വിഷമതകള്‍ ) എന്ന അദ്ധ്യായത്തില്‍ ആണ് അദ്ദേഹം ഈ കാര്യം ചര്‍ച്ച ചെയ്യുന്നത് .അല്ലാതെ തന്റെ സിദ്ധാന്തത്തിന്റെ ഉദാഹരണം എന്ന നിലക്കല്ല ..ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക .

Organs of extreme perfection and complication, എന്ന് അദ്ദേഹം പറഞ്ഞു To suppose that the eye, എന്നത് ഉദാഹരണം ആയി കണ്ണിന്റെ കാര്യം എന്നാണു ..

Zebu Bull::മാണിക്കന്‍ എന്നൊരാള്‍ ഈ വിഷയത്തില്‍ എന്നെ വിമര്‍ശിച്ചു ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ ഒരു കമ്മെന്റ് ഇട്ടതു കൂടി കാണാന്‍ ഇടയായി .അദ്ദേഹം പറയുന്നത് ഇത് ഡാര്‍വിന്‍ കണ്ണിന്റെ പരിണാമം വിശദീകരിക്കാന്‍ ആയി introduction ആയി പറഞ്ഞതാണത്രെ ..( Difficulties on Theory എന്ന തലക്കെട്ടില്‍ ആണോ ഒരു ശാസ്ത്ര സത്യം വെളിപ്പെടുത്തുക ? )

മാണിക്കന്‍ തുടര്‍ന്ന് ഡാര്‍വിന്‍ ന്റെ പുസ്തകത്തിലെ താഴെ പറയുന്ന ഭാഗം കൂടെ ക്വോട്ട് ചെയ്യുന്നു .

If it could be demonstrated that any complex organ existed, which could not possibly have been formed by numerous, successive, slight modifications, my theory would absolutely break down. But I can find out no such case." !!!

രസാവഹമായ കാര്യം മാണിക്കന്‍ ഉദ്ധരിച്ച ഡാര്‍വിന്റെ ഈ പ്രസ്താവന തന്നെ ഇപ്പോള്‍ ഡാര്‍വിനിസതിന്റെ നട്ടെല്ല് ഓടിക്കുന്നു എന്നതാണ് . പല അവയവങ്ങളും പരിണാമ ചരിത്രം ഇല്ലാതെ കേംബ്രിയന്‍ കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നതായി ഒട്ടു മിക്ക paleontology പുസ്തകങ്ങളിലും കാണാം, (കേംബ്രിയന്‍ എക്സ്പ്ലോഷന്‍് ) ( ഈ വിഷയം പിന്നീട് ചര്‍ച്ച ചെയ്യുന്നതാണ് ) .. മാണിക്കന്‍ ഉദ്ദേശിച്ചത് But I can find out no such case."എന്ന ഡാര്‍വിന്റെ കോണ്ഫിടന്‍സ് ശ്രദ്ധയില്‍ കൊണ്ട് വരാനാണ് ,പക്ഷെ അതിനു മുന്നില്‍ ഡാര്‍വിന്‍ പറഞ്ഞ കാര്യം , അതായത് തന്റെ സിദ്ധാന്തം തന്നെ തകര്‍ന്നു പോകുന്ന കാര്യം , മാണിക്കന്‍ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു ..( ഈ കാര്യം കൂടി വിശദമായി ഈ ബ്ലോഗില്‍ പിന്നീട് ചര്‍ച്ച ചെയ്യുന്നതാണ് )

സുഹൃത്തേ ഇനി ഡാര്‍വിന്റെ അഭിപ്രായ പ്രകാരം ഒരു കണ്ണ് പൂര്‍ണ്ണ രൂപത്തില്‍ ഉണ്ടാകുന്നതിനു നിരവധി ചെറിയ ചെറിയ രൂപങ്ങളിലൂടെ കടന്നു പോകണം , ആ സമയത്തൊന്നും കണ്ണ് പ്രവര്‍ത്തന ക്ഷമം അല്ല , എങ്കില്‍ എന്ത് കൊണ്ട് ആ സമയത്തൊന്നും ഒട്ടും അനുഗുണം അല്ലാത്ത ആ വ്യതിയാനങ്ങളെ (variation) പ്രകൃതി തിരഞ്ഞെടുത്തു നില നിര്‍ത്തി ? കണ്ണ് ഉണ്ടായി വരണം എന്ന് പ്രകൃതി കരുതിയോ ..? പ്രശ്നവും ഡാര്‍വിനെ കുഴക്കിയിരുന്നു .

ഇനി അന്ധമായ മ്യൂട്ടേഷനുകളിലൂടെ ജനിതക കോഡുകളില്‍് മാറ്റം വന്നു നിരവധി സങ്കീര്‍ണ്ണമായ അവയവങ്ങളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങളും , യോജിച്ചുള്ള പ്രവര്‍ത്തനവും നിലവില്‍ വന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ ? എങ്കില്‍ അത് ഒരു വിശ്വാസം മാത്രമല്ലേ ..അന്ധമായ വിശ്വാസം ..?

bright , താങ്കള്‍ വളരെ മാന്യനാണെന്ന് അറിയാം , വെറുതെ വാദിക്കില്ലെന്നും. ഇനി പറയൂ ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണോ ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസ്.?തെളിയിക്കപ്പെട്ട ജനിതക ശാസ്ത്ര തത്വങ്ങള്‍ക്ക് വിരുദ്ധമല്ല ജീവികളില്‍ variation വരുന്നതിനെ പറ്റിയുള്ള ഡാര്‍വിന്റെ നിഗമനങ്ങള്‍ എന്ന് താങ്കള്‍ക്കു പറയാന്‍ സാധിക്കുമോ ?

ഒരു ചിന്ന ഡൌട്ട് കൂടി

ഞാന്‍ മുന്‍പ് പറഞ്ഞ ലൈംഗികാവയവങ്ങളുടെ കാര്യമെടുക്കൂ , മ്യൂട്ടേഷന് വഴി ഒരു പുതിയ ജീവി വര്‍ഗ്ഗത്തിലെ (സ്പീഷീസ് ) ഒരു ജീവി (ഉദാഹരണത്തിന് ,ആണ്‍ ജീവി ) ഉണ്ടായി എന്ന് കരുതുക , അതിന്റെ ഇണ (പെന്‍ ജീവി )എങ്ങിനെ ഉണ്ടായി ? അതും അനുപൂരകമായ ലൈംഗികാവയങ്ങളോട് കൂടി ? ആണില്‍ നിന്ന് പെണ് വര്‍ഗ്ഗം ഉണ്ടായോ ? അതോ പെണ്ണില്‍ നിന്ന് ആണോ ?പക്ഷെ അങ്ങിനെ ഉണ്ടാവണമെങ്കില്‍ അസഖ്യം തലമുറകള്‍ വേണ്ടേ ? ഒരു ജീവി വര്‍ഗ്ഗത്തിന് (സ്പീഷീസ് ) മറ്റൊരു ജീവി വര്ഗ്ഗവുമായി effective reproduction നടത്താന്‍ കഴിയില്ല എന്ന് ഇന്ന് നമുക്കറിയാം (reproductive isolation) ,

അപ്പൊ പിന്നെ ആണ്‍ ജീവിയും പെണ് ജീവിയും ഒരുമിച്ചു ഉണ്ടായോ ?ഇതിനു ഒരു ഉത്തരം bright തരുമെന്നു വിചാരിക്കുന്നു , sexual reproduction ന്റെ പരിണാമം അല്ല ഞാന്‍ ചോദിക്കുന്നത് മറിച്ച് സ്പീഷീസിലെ sex organs പരിണമിച്ചതിനെ പറ്റിയാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക )
ഡാര്‍വിന്‍ കാലഘട്ടത്തില്‍ ജീവി വര്‍ഗ്ഗങ്ങളിലെ reproductive barrier നെ പറ്റി അറിയില്ലായിരുന്നു ..അതിനാല്‍ തന്നെ ഡാര്‍വിന്‍ കരുതിയത്‌ variation വന്നു ഒരു ആണ്‍ ജീവി ഉണ്ടായാല്‍ , മറ്റു സ്പീഷീസിലെ പെണ് ജീവിയുമായി reproduction നടന്നു അവയുടെ അടുത്ത തലമുറകള്‍ (offspring) ഉണ്ടാവാം എന്നായിരുന്നു , പക്ഷെ നിന്ന് നമുക്കറിയാം ഇന്റര്‍ ബ്രീഡിംഗ് വഴി effective offspring ഉണ്ടാവാറില്ല എന്ന് ..ചില ജീനുകള്‍ effective reproduction നെ സപ്രെസ്സ് ചെയ്യുന്നു എന്ന് ...

ഇനി പറയൂ ഓരോ ഓരോ ജന്തു വര്‍ഗത്തിലും അനുപൂരകങ്ങളായ (best fit) ആയ ലൈംഗികാവയങ്ങളോട് കൂടി ആണ്‍ , പെണ് ജീവികള്‍ ഉണ്ടായി വന്നത് ഒരുമിച്ചാണോ ? അല്ലെങ്കില്‍ ആണില്‍ നിന്ന് പെണ്ണോ ,അതോ തിരിച്ചോ ? അങ്ങിനെ ഉണ്ടാവണമെങ്കില്‍ തന്നെ അസംഖ്യം തല മുറകള്‍ വേണ്ടേ ? ആധുനിക ജനിതക സത്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തൂ .ഇതിനു ഒരു മറുപടി പ്രതീക്ഷിക്കുന്നു (ഇത് വായിച്ചു താങ്കള്‍ പറഞ്ഞ പോലെ ഗ്യാലറിയിലിരുന്ന് കൈയടിക്കുന്ന സാധുക്കളോട് ഉള്ള അനുകമ്പയുടെ പേരിലെങ്കിലും ഒരു വിശദീകരണം തരുമെന്നു പ്രതീക്ഷിക്കുന്നു ,താങ്കള്‍ക്കു ഇത് വളരെ എളുപ്പത്തില്‍ സാധിക്കും കാരണം താങ്കള്‍ നല്ല ആമ്പിയറുള്ള ആളാണല്ലോ,
മാത്രമല്ല , അത് അവിടെയുണ്ട് , ഇവിടെയുണ്ട് എന്നൊക്കെ വെറുതെ കാളമൂത്രം പോലെ (കട :) പറയില്ലെന്നും എനിക്കറിയാം )

അനുബന്ധം ,

നോക്കൂ , ശ്വസനനാളിയിലൂടെ വന്നു ഓക്സിജന്‍ ശ്വാസ കോശത്തിലേക്ക് കയറുക , അവിടെ നിന്ന് ഓക്സി ഹീമോഗ്ലോബിന് ആയി ഹൃദയത്തിലേക്ക് എത്തുക , അവിടെ നിന്ന് കലകളിലേക്ക് പമ്പ് ചെയ്യപെടുക ., അന്ന നാളം വഴി വരുന്ന ആഹാരം ആമാശയത്തില്‍ വച്ച് പല enzyme കളുടെ സഹായത്തോടെ ദഹിക്കുക , ചെറു കുടലില്‍ വച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുക , കലകളില്‍ എത്തി ഓക്സിജനുമായി ചേര്‍ന്ന് ഊര്‍ജ്ജ പാക്കറ്റുകള്‍ ആവുക.. ഒരു ബൈ പ്രോഡക്റ്റ് ആയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് രക്തത്തിലൂടെ ഹൃദയത്തിന്റെ മറ്റൊരു അറയില്‍ എത്തുക..ഓക്സിജന്‍ വന്ന അതെ ശ്വാസ കോശത്തിലൂടെ പുറം തള്ളപ്പെടുക.. , വൃക്കകള്‍ രക്തത്തിലെ മാലിന്യത്തെ അരിച്ചു മാറ്റുക , കരള്‍ അധികം വരുന്നവയെ സൂക്ഷിച്ചു വക്കുക , നിരവധി ഹോര്‍മോണ്‍ ഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കുക , കണ്ണുകളില്‍ നിന്ന് വരുന്ന കുഞ്ഞു സിഗ്നലുകളെ തലച്ചോര്‍ യഥാര്‍ത്ഥ വലിപ്പത്തില്‍ കാണിക്കുക ..,

സ്വനതന്തുക്കളുടെ കമ്പന ഫലമായി ശബ്ദം ഉണ്ടാകുക .. അത് വായുവിലൂടെ പ്രേക്ഷണം ചെയ്തു ചെവികളിലെ അസ്ഥികളിലൂടെ കടന്നു പോയി ആവേഗങ്ങള്‍ ആയി തലച്ചോറില്‍ എത്തുന്നു ..ഇരു ചെവിയില്‍ നിന്നും വരുന്നവ ഒന്നിച്ചു ചേര്‍ക്കുന്നു തലച്ചോറ് , (ശരീര ബാലന്‍സ് നിലനിര്‍ത്തുക എന്ന പണി കൂടി ചെവിക്കു കിട്ടിയത് വീണ്ടും മ്യൂട്ടേഷന് നടന്നോ ?) മൂത്രമൊഴിക്കാനും ലൈംഗിഗ ആവശ്യത്തിനും ഒരേ അവയവം ..( മ്യൂട്ടേഷന് , നിന്നെ ഞാന്‍ നമിച്ചിരിക്കുന്നു , നീ ചെലവ് ചുരുക്കി ) ഇനിയും രക്തത്തില്‍ Platelets അടക്കം നിരവധി കോശങ്ങള്‍ ..ഇവയൊക്കെ വളരെയധികം യോജിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല, ഒന്നില്ലെങ്കില്‍ മറ്റതിന് നില നില്പ്പില്ല , ..

ഒരു ചെറിയ ബീജത്തില്‍ നിന്ന് ഒരു കുഞ്ഞിന്റെ ജനനത്തെപ്പറ്റി കൂടി ഓര്‍ക്കുക ..എത്രയോ വിവിധ സംവിധാനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം ..എന്തിനധികം പ്രസവിച്ചു പുറത്തിറങ്ങിയാല്‍ പെട്ടെന്ന് ദഹിക്കുന്ന പോഷകങ്ങള്‍ അടങ്ങിയ അമ്മിഞ്ഞ വരെ റെഡി .

ഇവയൊക്കെ ഉണ്ടായതും ഐഛികവും (voluntary) അനൈഛികവും (involuntary) ആയ കൃത്യമായ കോ-ഡിനേഷന് നോട് കൂടി യോജിച്ചു പ്രവര്‍ത്തിക്കുന്നതും അന്ധമായി നടന്ന മ്യൂട്ടേഷന് വഴിയാണെങ്കില്‍ .. എനിക്ക് ഒന്നേ പറയാനുള്ളൂ

മ്യൂട്ടേഷന് എന്ന മഹാ ദൈവമേ... അങ്ങേക്ക് സ്ത്രോതം.!സ്ത്രോതം.! സ്ത്രോതം.!


ഓഫ്‌ ടോപ്പിക്ക്
ഈ വിഷയത്തില്‍ വിശദമായ പോസ്റ്റുകള്‍ (ഓരോ വിഭാഗം ആയി തന്നെ ) നിങ്ങള്ക്ക് ഈ ബ്ലോഗില്‍ പിന്നീട് വായിക്കുന്നതാണ് .. എതിര്‍ അഭിപ്രായങ്ങളും ഇവിടെ തന്നെ സ്വാഗതം ചെയ്യുന്നു, അതിനാല്‍ പരിണാമ സിദ്ധാന്ത സംരക്ഷണത്തിനായി അണി ചേരുക എന്നൊക്കെ പറഞ്ഞു പുതിയ ബ്ലോഗ്‌ കൂട്ടായ്മക്ക് രൂപം കൊടുക്കാന്‍ ആരും ബുദ്ധി മുട്ടേണ്ടതില്ല എന്നര്‍ത്ഥം :)

Sunday, August 16, 2009

ഇതോ യുക്തിവാദം , ഇതോ മാന്യത ..? ഛായ് !

ബൂലോഗത്ത്‌ നന്നായി ചര്‍ച്ച നടക്കുന്നതില്‍ ഒന്ന് യുക്തിവാദികളും ദൈവ വിശ്വാസികളും തമ്മില്‍ ആണ് , ചര്‍ച്ചക്ക് മുന്‍ കയ്യ്‌ എടുക്കുന്ന ബ്ലോഗേഴ്സ് , പ്രതിപക്ഷ ബഹുമാനത്തോട്‌ കൂടി നല്ല രീതിയില്‍ വരുന്ന വ്യത്യസ്ത ആശയങ്ങളും തിരുത്തുകളും പ്രസിദ്ധീകരിക്കാറുണ്ട് , ഒരര്‍ത്ഥത്തില്‍ അതിനു ബാദ്ധ്യസ്ഥരും ആണ് .പ്രത്യേകിച്ച് തെറ്റിദ്ധാരണാ ജനകം ആയ ഒരു പ്രസ്താവന നടത്തിയ ശേഷം അത് തെറ്റാണെന്ന് മറ്റുള്ളവര്‍ ബോധ്യപ്പെടുത്തി കൊടുത്താല്‍ അല്പം മാന്യത ഉള്ള ബ്ലോഗ്ഗര്‍ അത് തിരുത്താന്‍ മടി കാണിക്കില്ല ..

പറഞ്ഞു വരുന്നത് ബൂലോഗത്ത്‌ എനിക്ക് മറുപടി പറയാന്‍ ആളില്ലേ, അല്ലെങ്കില്‍ ഉണ്ടായിരിക്കുന്നു എന്നൊക്കെ ഇടയ്ക്കിടയ്ക്ക് വിളിച്ചു പറയുന്ന ശ്രീ. ജബ്ബാര്‍ മാഷ് നടത്തിയ തീരെ മാന്യമല്ലാത്ത ഒരു നടപടി നിങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കുകയാണ് .. ജബ്ബാര്‍ മാഷുടെ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ പലപ്പോഴും സഭ്യതയുടെ അതിര് വിടുന്നു അല്ലെങ്കില്‍ വെറും വിരോധം കുത്തി നിറച്ച തെറ്റിദ്ധരിപ്പിക്കല്‍ ആകുന്നു എന്നൊക്കെ പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ടെങ്കിലും , അതെല്ലാം അവഗണിച്ച് ഞാന്‍ പൊതുവേ അവിടെ കമന്റ്‌ ഇടാറുണ്ടായിരുന്നു ... ശരി എന്തെന്ന് വ്യക്തം ആയാല്‍ അദ്ദേഹം ഇത്തരം അടിസ്ഥാനമില്ലാത്ത പരാമര്‍ശങ്ങളില്‍ നിന്ന് പിന്മാറുമെന്നും തെറ്റ് പറ്റിയെങ്കില്‍ തെറ്റ് പറ്റി എന്ന് സമ്മതിക്കാന്‍ മടി ഉണ്ടാവില്ലെന്നും എനിക്ക് തോന്നിയിരുന്നു ..ഈ കാര്യങ്ങള്‍ അദ്ദേഹം തന്നെ പലസ്ഥലത്തും പറഞ്ഞിട്ടും ഉണ്ട് ..

പക്ഷെ തെറ്റ് ബോധ്യപ്പെടുത്തിയാല്‍ , ബോധ്യപ്പെടുത്തിയ കമ്മെന്റ് അടക്കി ഡിലീറ്റ് ചെയ്യുന്ന ഒരു തരം നാലാം കിട വിമര്‍ശന പരിപാടി ആണ് അദ്ദേഹത്തിന് എന്ന് എനിക്ക് ഈയിടെ മനസ്സിലായി . അത് ബൂലോഗരുടെ മുന്നില്‍ അത് ഞാന്‍ തുറന്നു വക്കട്ടെ .ജബ്ബാര്‍ മാഷെ വെളിച്ചം പകരുന്ന ആളാക്കി കൊണ്ട് നടക്കുന്ന ചിലരുടെ ചിന്തകളിലേക്ക് ഇത് അല്പം വെളിച്ചം വീശിയെങ്കില്‍ എന്ന ഉദ്ദേശത്തോടെ .കൂടാതെ ഒരു സമൂഹത്തിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നവര്‍ അല്പം കൂടി സത്യസന്ധതയും മാന്യതയും പാലിക്കണം എന്ന് ഓര്‍മ്മപ്പെടുത്താനും ..


മാഷുടെ "ഇസ്ലാമും സൂര്യഗ്രഹണവും.": എന്ന പോസ്റ്റിലെ ചര്‍ച്ചയില്‍ ഞാനും പങ്കെടുത്തിരുന്നു .ഇടയില്‍ അദ്ദേഹം മക്കയില്‍ കഅബ കഴുകുന്നതിനെ പരാമര്‍ശിച്ചു വിഗ്രഹാരാധനയുടെ മതം ആണ് ഇസ്ലാം എന്ന് കമന്റ് ഇട്ടു ,,അതിനു രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ മറുപടി പറഞ്ഞത് ഇങ്ങിനെ ആയിരുന്നു ... എന്റെ വീടിനടുത്ത പള്ളി ഞങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകാറുണ്ട് ..അത് പക്ഷെ പള്ളിയെ ആരാധിക്കുക എന്ന അര്‍ത്ഥത്തില്‍ അല്ല , പിന്നെ എന്ത് ഉദ്ദേശത്തില്‍ ആണ് താങ്കള്‍ അങ്ങിനെ പറഞ്ഞത് എന്ന് ..

രസകരം ആയ കാര്യം എന്റെ കമ്മെന്റ് ജബ്ബാര്‍ മാഷ് മോഡറേറ്റ് ചെയ്തു ബ്ലോഗില്‍ ഇട്ടില്ല എന്ന് മാത്രം അല്ല മാഷുടെ കമ്മെന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു .. അപ്പോള്‍ അദ്ദേഹത്തിന്റെ കമ്മെന്റ് അടിസ്ഥാന രഹിതം ആണെന്ന് അദ്ദേഹത്തിന് തോന്നി എന്നര്‍ത്ഥം ..പക്ഷെ എന്റെ കമ്മെന്റ് അവിടെ പ്രസിദ്ധീകരിക്കാഞ്ഞത് എന്ത് കൊണ്ട് ..? പോട്ടെ രണ്ടു ദിവസം പലരും വായിച്ച അദ്ദേഹത്തിന്റെ ആരോപണം തെറ്റാണെങ്കില്‍ അത് തുറന്നു പറയേണ്ട ബാധ്യത അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലേ ? നിങ്ങള്‍ പലരും ആ ആരോപണം ശ്രദ്ധിച്ചിട്ടും ഉണ്ടാവും .. പക്ഷെ എന്റെ മറു പടി എന്ത് കൊണ്ട് പ്രസിദ്ധീകരിച്ചില്ല ? ഇതാണോ സത്യം അറിയാനുള്ള ബ്ലോഗിങ്ങ്‌ രീതി ? ഇതാണോ മാന്യത ? ഇതാണോ സത്യം ആളുകള്‍ മനസ്സിലാക്കാന്‍ ആണ് താന്‍ ബ്ലോഗ്‌ ചെയു‌ന്നു എന്ന് വലിയ വായില്‍ നിലവിളിക്കുന്നത് ....ഇങ്ങിനെയാണോ ഇരുളടഞ്ഞ സമൂഹത്തിനു വെളിച്ചം പകരുന്നത് ? എന്തെങ്കിലും വിശദീകരണം പറയാന്‍ ഉണ്ടെങ്കില്‍ ജബ്ബാര്‍ മാഷ് ഇവിടെ പറയട്ടെ ..പറയുന്നില്ലെങ്കില്‍ ഇത്ര അമാന്യമായി പെരുമാറുന്ന ഇദ്ദേഹത്തിനു "മറു പടി കൊടുക്കാന്‍ ആളില്ലേ" എന്ന് മറ്റു ബ്ലോഗേഴ്സ് വിളിച്ചു കൂവരുത് ....പ്ലീസ് ......(ഈ സംഭവത്തിനു ശേഷം ഞാന്‍ അവിടെ കമ്മെന്റ് ഇട്ടിട്ടില്ല , പറയൂ അദ്ദേഹം ചെയ്തത് മാന്യത ആണോ ? അതും ഒരു സമുദായത്തിനെതിരെ തെറ്റിദ്ധാരണ ജനകം ആയ പരാമര്‍ശം നടത്തിയിട്ട് , ചര്‍ച്ചയില്‍ ഉള്ള ഞാന്‍ ഇട്ട മാന്യമായ മറുപടി പോലും പ്രസിദ്ധീകരിക്കാതെ ! )

മറുമൊഴിയില്‍ നിന്ന് എടുത്ത അദ്ദേഹത്തിന്റെ കമന്റും , അദ്ദേഹം മോഡറേറ്റ് ചെയ്ത എന്റെ മറുപടിയും താഴെ കൊടുക്കുന്നു

-----------------------------------------

ea jabbar has left a new comment on your post "ഇസ്ലാമും സൂര്യഗ്രഹണവും.":

ജിദ്ദ: ഭക്തിനിര്ഭരമായ അന്തരീക്ഷത്തില് വിശുദ്ധ കഅ്ബാലയം ഇന്നലെ രാവിലെ കഴുകി. സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന് വേണ്ടി മക്ക ഗവര്ണര് ഖാലിദ് അല്ഫൈസല് രാജകുമാരന്റെ മേല്നോട്ടത്തിലാണ് ചടങ്ങ് നടന്നത്. വിവിധ രാജ്യങ്ങളില് നിന്നുള്ള പ്രതിധിനികള്, മുതിര്ന്ന ഉദ്യേഗസ്ഥര് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.
സംസവും റോസാപൂവില് നിന്നുള്ള എണ്ണയും തുണിയില് കലര്ത്തിയാണ് കഅ്ബയുടെ ഉള്ഭാഗവും ചുമരും കഴുകിയത്.

[മാധ്യമം വാര്ത്ത.]

കോടിക്കണക്കിനു മനുഷ്യരെ ഒരു കരിങ്കല്ലിനു ചുട്ടും വട്ടം കറക്കുന്ന മതം !
ഏകീകൃത വിഗ്രഹാരാധന യുടെ മതം!!

Posted by ea jabbar to സ്നേഹസംവാദം. at July 24, 2009 7:34 AM
-----------------------------------------------------------------


എന്റെ മാന്യമായ മറുപടി :(അദ്ദേഹം പ്രസിദ്ധീകരിക്കാതെ ഡിലീറ്റ് ചെയ്തു ഇതു ).

ജബ്ബാര്‍ മാഷെ ,

ആരാധനയും ആദരിക്കലും തമ്മിലുള്ള വ്യത്യാസം നിങ്ങള്ക്ക് അറിയില്ലെന്ന് ഞാന്‍ വിചാരിക്കുന്നില്ല .. അപ്പൊ ഇവയെ തമ്മില്‍ ഒന്നാക്കി തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ് ?ഇവിടെ കഅബ ആരാധനക്കുള്ള ഒരു സ്ഥലം ആണ് .

എന്റെ വീട്ടിനു അടുത്ത് ഒരു കൊച്ചു പള്ളി ഉണ്ട് . ഞങ്ങള്‍ പ്രദേശവാസികള്‍ കൊല്ലത്തിലൊരിക്കല്‍ അത് ചുമരുകള്‍ അടക്കം കഴുകി വൃത്തിയാക്കാറുണ്ട് ..കഴുകുമ്പോള്‍ അവസാനത്തില്‍ അല്പം സുഗന്ധ വസ്തുക്കള്‍ ഉപയോഗിക്കാറും ഉണ്ട് .പക്ഷെ അതോ ഒരിക്കലും പള്ളിയെ ആരാധിക്കല്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല ..അത് ആദരിക്കല്‍ ആണ് .. നാം ഉപയോഗിക്കുന്ന സ്ഥലത്തെ വൃത്തിയാക്കല്‍ ആണ് .ഇനി ഫൈസല്‍ പള്ളിയെ ആരാധിക്കുന്നു എന്ന് പറഞ്ഞു പോസ്റ്റ്‌ ഇടുമോ നാളെ ..?

താങ്കള്‍ എന്ത് അര്‍ത്ഥത്തില്‍ ആണ് കഅബ എന്ന പള്ളിയെ മുസ്ലിംകള്‍ ആരാധിക്കുന്നു എന്ന് പറഞ്ഞത് ? ഖുറാനില്‍ എവിടെ എങ്കിലും കഅബ യെ ആരാധിച്ചോളൂ എന്ന് പറഞ്ഞിട്ടുണ്ടോ ? ഖുറാനില്‍ കഅബ ഒരു ആരാധനാലയം എന്നാണു പറഞ്ഞിട്ടുള്ളത് . . മാത്രമല്ല ദൈവം ഏകനാണ് അവനു സമാനായി ആരും ഇല്ല , താരതമ്യം ചെയ്യരുത് , എന്നൊക്കെയാണ് ഇസ്ലാമിന്റെ പരമ പ്രധാനമായ വിശ്വാസ അടിത്തറ .. പിന്നെ താങ്കള്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നത് എന്തിനാണ് മാഷെ ,

ഇനി ഹജ്ജ്‌ കര്‍മ്മം ആണെങ്കില്‍ കഅബയുടെ ചുറ്റും ഉള്ള തവാഫ് മാത്രം അല്ലല്ലോ .. സഫ മര്‍വ യിലെ നടത്തം കൂടി ഇല്ലേ ..? ആ രണ്ടു കുന്നുകളും ഇപ്പൊ ഇടിച്ചു മാറ്റിയിരിക്കുന്നു ആളുകള്‍ക്ക് നടക്കാന്‍ വേണ്ടി .. അപ്പൊ എന്തിനെയാണ് അവിടെ ആരാധിക്കുന്നത് ?
തന്റെ കുഞ്ഞിനു വേണ്ടി ഒരിറ്റു ദാഹ ജലത്തിന് ഹാജറ(ഹാഗാര്‍ ) ഓടിയ സ്ഥലം ആണ് സഫ മര്‍വ കുന്നുകള്‍ക്കിടയിലെ സ്ഥലം , അതിലൂടെ നടക്കുക വഴി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കഴിഞ്ഞു പോയ ആ ചരിത്ര മുഹൂര്ത്ത്തിന്റെ സ്മരണ പുതുക്കുക എന്നത് തന്നെയല്ലേ അവിടെ ഉദ്ദേശിക്കപ്പെടുന്നത് .. സഫ മര്‍വയിലെ നടത്തം ഇല്ലാതെ ഹജ്ജ്‌ പൂര്‍ണ്ണം ആകില്ലല്ലോ .. അത് പോലെ കഅബയും ഇബ്രാഹിം (അബ്രഹാം ) നബി പണി കഴിപ്പിച്ച സ്ഥലം .

താങ്കളുടെ ഈ തെറ്റിദ്ധരിപ്പിക്കല്‍ അല്പം കടന്നു പോയി എന്ന് പറയാതെ വയ്യ ..
ജബ്ബാര്‍ മാഷെ , ..ന്യായമായ വിമര്‍ശങ്ങള്‍ ആവാം ..അതിനെ സ്വാഗതം ചെയ്യുന്നു .പക്ഷെ ഇത് ?

-------------------------- --------------------------


ബൂലോഗ സുഹൃത്തുക്കളെ ..,

ഒരു സമുദായത്തിനെതിരെ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്ന , അതിനെതിരെയുള്ള കമന്റ്‌ ഡിലീറ്റ് ചെയ്യുന്ന ഇദ്ദേഹത്തെ ഒരു യുക്തിവാദി എന്ന് വിളിക്കുന്നതിനേക്കാള്‍ ഒരു മത വൈരി എന്ന് വിളിക്കുന്നതാകും ഉത്തമം ... അദ്ദേഹം അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യട്ടെ ..തടയുന്നില്ല ..,പക്ഷെ ബൂലോഗത്ത്‌ ഞാന്‍ ഇഷ്ട്ടപ്പെടുന്ന്‍ , വളരെ മാന്യരായ , കുറച്ചാളുകള്‍ ജബ്ബാര്‍ മാഷുടെ യഥാര്‍ത്ഥ രീതി അറിയാതെ അദ്ദേഹത്തെ വല്ലാതെ സപ്പോര്‍ട്ട് ചെയ്തു നടക്കുന്നുണ്ട് ..അവരുടെ അറിവിലേക്ക് മാത്രം ഇത് .. മുന്‍പ് കാട്ടുപരുത്തിയുടെ ഒറിജിനല്‍ കമ്മെന്റ് മാറ്റി പകരം ഒരു കമ്മെന്റ് ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ വന്നപ്പോള്‍ , അത് ജബ്ബാര്‍ മാഷ് അറിയാതെ നടക്കില്ല എന്ന് കാട്ടുപരുത്തി തെളിവ് സഹിതം വിശദീകരിച്ചപ്പോള്‍ , എനിക്കെന്തോ വിശ്വസിക്കാന്‍ പ്രയാസം ആയി ..തെളിവുകള്‍ ഉണ്ടായിട്ടും ജബ്ബാര്‍ മാഷ് അത് ചെയ്യില്ല എന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം ..പക്ഷെ ഇപ്പൊ എനിക്ക് എല്ലാം ബോധ്യം ആകുന്നു ...

ഇതിന്റെ വിശദീകരണം ജബ്ബാര്‍ മാഷ് പറയും എന്ന് കരുതുന്നു , തെറ്റ് പറ്റിയെങ്കില്‍ തുറന്നു സമ്മതിക്കുമെന്നും ...ഇനിയും പിന്‍വലിക്കാത്ത കേരള ബ്ലോഗ്‌ അകാദമി പോസ്റ്റിലെ വിവാദ പരാമര്‍ശങ്ങള്‍ ഉടനെ പിന്‍വലിക്കുമെന്നും..

ബൂലോഗത്തെ ഇത്തരം അമാന്യമായ നടപടികള്‍ക്കെതിരെ എല്ലാവരും പ്രതിഷേധിക്കും എന്നും കരുതുന്നു